തിരുവനന്തപുരം: പിൻവാതിൽ നിയമങ്ങൾക്കെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് നിരാഹാരസമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഒൻപത് ദിവസമായി നിരാഹാരസമരം തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനും വൈസ് പ്രസിഡന്റ് ശബരീനാഥനും രണ്ട് ദിവസമായി കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോഗ്യ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുക. ഷാഫി പറമ്പിലിനേയും ശബരീനാഥനേയും ആശുപത്രിയിലേക്ക് മാറ്റിയതിന്ശേഷം യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിൽ ഉന്നതതല ചർച്ചകൾ നടക്കുകയാണ്. ഷാഫിയ്ക്കും
ശബരീനാഥനും പകരമായി മറ്റ് രണ്ട് പേരെ നിരാഹാരസമരത്തിന് നിയോഗിച്ചേക്കുമെന്നാണ് സൂചന. സർക്കാരുമായി ചർച്ച നടത്തിയതിനുശേഷം യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും വിവരമുണ്ട്.
ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പടെയുളളവർ സമരപന്തലിൽ ചർച്ച തുടരുകയാണ്. രാഹുൽഗാന്ധി നാളെ തലസ്ഥാനത്ത് എത്തുന്നുണ്ട്. രാഹുൽ വന്ന ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറിയാൽ മതിയെന്നും ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്.