ചങ്ങനാശേരി: ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ചൈതന്യം നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ശക്തി പകരുമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ഇപ്പോഴത്തെ പ്രതിസന്ധികളെ വിശ്വാസപൂർവ്വം നേരിടാൻ നമ്മുക്ക് കഴിയണം.നമ്മൾ നിരാശരാകരുത്. ഈസ്റ്റർ വിജയത്തിന്റെ വേളയാണ്. ഈശോയിൽ വിശ്വസിക്കുന്നവർ പ്രതിസന്ധികളിൽ തളരുകയില്ല. ചരിത്രത്തിൽ എത്രയോ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മനുഷു കുലമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ മാർ പെരുന്തോട്ടം ഓർമ്മിപ്പിച്ചു.
നമ്മൾ വിശ്വാസപരവും ആത്മീയവുമായി നിറഞ്ഞ് ഏറ്റവും സജീവമാകുക. സന്തോഷത്തോടെ ദേവാലയങ്ങളിൽ പോകുകയും ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്തവർ കൊറോണ ഭീഷണിമൂലം വേദനയോടെ വീടുകളിൽ കഴിയുകയാണ്. ദേവാലയങ്ങളിൽ പോകാൻ കഴിയുന്നില്ല. ബന്ധുക്കളുമായി ഒത്തുചേരാൻ കഴിയുന്നില്ല. എങ്കിലും ദൈവം സമീപസ്ഥനാണ്. കുടുംബങ്ങൾ ചെറിയ ദേവാലയങ്ങളാണ്. പരസ്പര സ്നേഹത്തിലും ക്ഷമയിലും ജീവിക്കുന്ന കുടുംബങ്ങളിൽ ദൈവാനുഗ്രഹമുണ്ടാകും. അവിടെ ദൈവത്തിന്റെ സാന്നിധ്യമുണ്ട്. സ്നേഹസമ്പന്നനായ ദൈവത്തെ കാണാൻ കഴിയാത്തതാണ് ഏറ്റവും വലിയ മരണം. പാപം മൂലമുള്ള ആത്മീയ മരണമാണ് ഏറ്റവും വലിയ ദുരന്തം. അതുകൊണ്ട് അനുതപിച്ച് പ്രാർഥിക്കാൻ നമ്മുക്ക് ഉത്തരവാദിത്തമുണ്ട്.
ലോകത്തിന് വലിയ ഭീഷണിയായി മാറിയ കൊറോണ വൈറസിനുമേൽ മനുഷ്യന് വിജയം നേടാൻ കുടുംബങ്ങൾ ഒന്നിച്ച് പ്രാർഥിക്കണമെന്ന് ആർച്ച് ബിഷപ് ഓർമിപ്പിച്ചു. കൊറോണയ്ക്കെതിരേ ആരോഗ്യരംഗത്ത് അഹോരാത്രം പണിയെടുക്കുന്നവർക്ക് പ്രാർഥനയും ദൈവാനുഗ്രഹവും പിന്തുണയും മാർ പെരുന്തോട്ടം നേർന്നു.