കേന്ദ്രത്തിൻ്റെ അൺലോക്ക് ചട്ടങ്ങൾ ലംഘിച്ച്‌ കർണാടകം കേരളത്തിലേക്കുള്ള അതിർത്തി റോഡുകൾ അടച്ചു; പ്രതിഷേധം ശക്തം

കാസർകോട്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അൺലോക്ക് ചട്ടങ്ങൾ ലംഘിച്ച്‌ കർണാടകം കേരളത്തിലേക്കുള്ള അതിർത്തി റോഡുകൾ അടച്ചു. സംസ്ഥാന പാതയടക്കമുള്ള അതിർത്തി റോഡുകളാണ് കർണാടക അടച്ചത്. കേരളത്തിലെ കൊറോണ വ്യാപനം കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേക്കുള്ള റോഡുകൾ അടച്ചത്.

ദേശീയ പാതയിലെ തലപ്പാടി ഉൾപ്പെടെയുള്ള നാല് ഇടങ്ങളിൽ അതിർത്തി കടക്കുന്നവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി. ഇത് കേന്ദ്രത്തിന്റെ അൺലോക്ക് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപം ഉണ്ട്.
ബുധനാഴ്ച മുതൽ കൊറോണ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കർണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണ കന്നടയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉൾപ്പെടെയുള്ള നാല് പാതകളിൽ കർശന നിയന്ത്രണമാണ്.

അതിർത്തി കടക്കുന്നതിന് കൊറോണ പരിശോധന നിർബന്ധമാണെന്നാണ് കർണാടകയുടെ നിലപാട്. അതിർത്തി കടന്ന് പോകേണ്ട വിദ്യാർഥികൾ അടക്കമുള്ളവർക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. നീക്കത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ അതിർത്തി മേഖലയിലെ ജനങ്ങൾ നീക്കം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം കൊറോണ വ്യാപന സമയത്തും കർണാടക സർക്കാർ ഇതേ രീതി അനുവർത്തിച്ചിരുന്നു. ഇതിനെതിരേ കേരളത്തിൽ വ്യാപക പ്രതിഷേധം ഉയരുകയും കർണാടകത്തിൽ കൊറോണ കേസുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കർണാടകം അതിർത്തികൾ തുറക്കാൻ നിർബന്ധിതമായത്.