ന്യൂഡെൽഹി: ഉത്തരേന്ത്യൻ കർഷകരുടെ രോഷത്തിൽ തിരിച്ചടിയേറ്റ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. ജിയോയുടെ ഫോൺ വരിക്കാർ കുത്തനെ ഇടിഞ്ഞു. വിപണിയിൽ മേധാവിത്തം നഷ്ടമായ ജിയോയെ പിന്നിലാക്കി എയർടെൽ മുന്നിൽ കയറി. ഡിസംബറിൽ എയർടെല്ലിന് 55 ലക്ഷം പുതിയ വരിക്കാരെ കിട്ടിയപ്പോൾ ജിയോ നേടിയത് 32 ലക്ഷം മാത്രം. വോഡഫോൺ ഐഡിയക്ക് 15 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായതായും ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കർഷക സമരത്തിനിടെ കഴിഞ്ഞ വർഷം ഡിസംബറിൽ ഡെൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ജിയോയുടെ മൊബൈൽ ടവറുകൾ വ്യാപകമായി തകർക്കപ്പെട്ടിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി എതിരാളികൾ ജിയോ നമ്പറുകൾ വ്യാപകമായി അവരുടേതാക്കി പോർട്ട് ചെയ്യിപ്പിച്ചുവെന്നാണ് റിലയൻസിൻ്റെ ആരോപണം.
എന്നാൽ എയർടെല്ലും മറ്റ് കമ്പനികളും ഇത് നിഷേധിച്ചു. അതേസമയം, എയർടെൽ, റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ മാസം യഥാക്രമം 1.7 ശതമാനം, ഒരു ശതമാനം വീതം വർധനയുണ്ടായിട്ടുണ്ട്. വോഡഫോൺ ഐഡിയക്ക് 0.6 ശതമാനം ഉപഭോക്താക്കളെ നഷ്ടമാവുകയും ചെയ്തു.