കൊച്ചി: വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടിനെതിരേ പരാതി നല്കിയ കാലടി സര്‍വകലാശാല സംസ്കൃത വിഭാഗം മേധാവി ഡോ പി വി നാരായണനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. സംസ്കൃത വിഭാഗം പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് എതിരേ പരാതി നല്‍കിയതിനെ തുടര്‍ന്നാണു ഡോ നാരായണന് സ്ഥാനചലനം. ഇതിനൊപ്പം എസ്എഫ്ഐക്കാരെ വഴിവിട്ട് റാങ്ക് ലിസ്റ്റില്‍ ഉൾപ്പെടുത്താതും നടപടിക്ക് കാരണമായെന്നാണ് സൂചന.
സിന്‍ഡിക്കേറ്റിന്റെ തീരുമാനം നടപ്പാക്കാന്‍ വിസമ്മതിച്ചുവെന്നാണ് ഡോ. നാരായണനെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ച ഘടകമായി പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് നാരായണനെ നീക്കാന്‍ തീരുമാനമെടുത്തത്.
സാഹിത്യ വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങള്‍ ഉടലെടുത്തത്.
പ്രവേശനത്തിന് സിന്‍ഡിക്കേറ്റ് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഡോ നാരായണന് കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സിന്‍ഡിക്കേറ്റ് വിശദീകരണം. സിന്‍ഡിക്കേറ്റ് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ ഡോ നാരായണന് പ്രവേശനം നല്‍കിയെന്നും സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി. പരീക്ഷയുടെയും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിലവില്‍ പ്രവേശനം നടത്തേണ്ടിയിരുന്നത്.
പ്രവേശനപരീക്ഷയുടെ മാര്‍ക്ക് കൂടി ഡോ നാരായണന് പരിഗണിച്ചുവെന്ന് സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി. സര്‍വകലാശാലയുടെ ചട്ടത്തിനു വിരുദ്ധമാണിതെന്ന് പറഞ്ഞിട്ടും അതു തിരുത്താന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അതിനാലാണ് നടപടിയെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.
അതേസമയം സര്‍വകലാശാലയിലെ ഉന്നതർ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഡോ. നാരായണൻ്റെ പരാതി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത എസ്എഫ്ഐക്കാരായ വിദ്യാര്‍ഥികളുടെ പിഎച്ച്ഡിപ്രവേശനത്തെ നാരായണന് എതിര്‍ത്തിരുന്നു. 2021 ലെ പിഎച്ച്ഡി പ്രവേശനത്തെച്ചൊല്ലി ഇതേത്തുടര്‍ന്ന് വൈസ്ചാന്‍സലറുമായി അഭിപ്രായഭിന്നതയും ഉയര്‍ന്നിരുന്നു. ഇതിനൊടുവിലാണ് നടപടി.
സംസ്കൃതം പിഎച്ച്ഡിക്കായി 12 പേരുടെ റാങ്ക്ലിസ്റ്റാണ് സര്‍വകലാശാല പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്രവേശനത്തിനായി മാര്‍ക്കിട്ടത് റഗുലേഷന് വിരുദ്ധമായിട്ടാണ് എന്നു കാട്ടി പുറത്തായ വിദ്യാര്‍ഥികള്‍ പരാതി നല്കി. എന്നാല്‍ അക്കാദമി റിസര്‍ച്ച് കമ്മിറ്റി റാങ്ക് ലിസ്റ്റില്‍ അപാകതകളില്ലെന്ന റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട് തള്ളിയാണ് സിന്‍ഡിക്കേറ്റ് നടപടി. തനിക്കെതിരേ വ്യക്തിപരമായി അധിക്ഷേപം ഉന്നയിക്കുന്നതിനു പിന്നില്‍ സര്‍വകലാശാലയിലെ ചില അധ്യാപകരും പിന്നിലുണ്ടെന്നുമായിരുന്നു നാരായണന്റെ പരാതി.
കഴിഞ്ഞ 16 നു നല്കിയ പരാതി സര്‍വകലാശാല പരിഗണിച്ചില്ല. റാങ്ക് ലിസ്റ്റില്‍ രണ്ട് എസ്എഫ്ഐക്കാര്‍ ഉള്‍പ്പെടാതെ പോയിയെന്നും ഇതാണ് വകുപ്പ് മേധാവിയെ പുറത്താക്കിയതിനു പിന്നിലെന്നും സര്‍വകലാശാല സംരക്ഷണ സമിതി പറയുന്നു.