തിരുവനന്തപുരം: സിപിഒ, എല്‍ജിഎസ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതുവരെ സമാധാനപരമായി സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരിശോധിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചര്‍ച്ചയിൽ ഉറപ്പു നൽകിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. എന്നാൽ സര്‍ക്കാരില്‍ നിന്ന് രേഖമൂലം ഉറപ്പു കിട്ടുന്നതുവരെ സമധാനപരമായി സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ട്. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചുവെന്നും സമരക്കാരുടെ നേതാവായ ലയ രാജേഷ് പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രാഹാമുമാണ് പിഎസ് സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്.
റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരിശോധിക്കാമെന്ന് ഉറപ്പ് കിട്ടി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഉത്തരവായി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ലയ പറഞ്ഞു.
കാര്യങ്ങള്‍ പഠിച്ചാണ് ആഭ്യന്തര സെക്രട്ടറിയും മനോജ് എബ്രാഹാമും സംസാരിച്ചത്. ചില കാര്യങ്ങള്‍ നടക്കില്ലെന്ന് തന്നെ അവര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ നിവേദനമായി അവര്‍ക്ക് നല്കി. തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് അറിയിച്ചതെന്നും ലയ കൂട്ടിച്ചേര്‍ത്തു.