ചെന്നെെ: ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഫ്ഗാൻ വനിതാ സൈനികർക്ക് പരിശീലനം ഒരുക്കി ഇന്ത്യൻസേന. ചെന്നൈയിലെ സൈനിക ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ അഫ്ഗാൻ നാഷണൽ ആർമിയിലെ 20 വനിതാ സൈനികരാണ് പരിശീലനത്തിന് എത്തിയത്. ആശയവിനിമയം, ശാരീരികക്ഷമത, സൈനിക ഭരണം തുടങ്ങിയ കാര്യങ്ങളിലും പരിശീലനമുണ്ട്.
സെെന്യത്തിൽ 10 ശതമാനം വനിതാ പ്രാതിനിധ്യം വേണമെന്ന് അഫ്ഗാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടില്ല. നിലവിലെ സുരക്ഷാ സൈനികരുടെ ഏകദേശം 1.4 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. ഏതാണ്ട് 4500 ഓളം പേർ മാത്രമാണിത്.
സൈന്യത്തിൽ കൂടുതൽ സേനാംഗങ്ങൾക്ക് വിദേശ പരിശീലനം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് അഫ്ഗാൻ ആരംഭിച്ചത്. 2017 മുതൽ ഇന്ത്യൻ സൈന്യം ഇത്തരത്തിൽ അഫ്ഗാൻ സൈനികർക്ക് പരിശീലനം ഒരുക്കുന്നുണ്ട്. നിലവിൽ തുടർച്ചയായ നാലാം വർഷമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.