പാലക്കാട്: അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു. അഗളി മേലേ ഈരിലെ ആദിവാസി ദമ്പതികളുടെ ഒന്നര വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കടുത്ത പനിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച കുട്ടിയെ അട്ടപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. അതിനാല്‍ തന്നെ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിക്കുന്നത് കോഴിക്കോട്ടാണ്. കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട്ട് അഞ്ച് പേരില്‍ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് എറണാകുളത്തും, കണ്ണൂരിലും ഷിഗല്ല സ്ഥിരീകരിച്ചു.