കോല്‍ക്കത്ത: മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ്. ഫെബ്രുവരി 22ന് രാവിലെ പത്തിന് നേരിട്ടോ അഭിഭാഷകന് മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 500-ാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നല്കാന് കുറ്റാരോപിതന് നേരിട്ടോ, അഭിഭാഷകന് മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്കിയ കേസിലാണ് കോല്‍ക്കത്ത കോടതി സമന്‍സയച്ചത്.
2018 ഓഗസ്റ്റ് 11ന് കോല്‍ക്കത്തയിലെ മായോ റോഡില്‍ നടന്ന റാലിക്കിടയില്‍ തനിക്കെതിരെ അമിത് ഷാ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായി അഭിഷേക് ആരോപിച്ചിരുന്നു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായ്ക്കെതിരേ നിയമനടപടികളുമായി അഭിഷേക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.