തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാർത്ഥികൾക്കുവേണ്ടി അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിനിധികളാണ് ചർച്ചനടത്തിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു.
സെക്രട്ടേറിയറ്റ് പടിക്കൽ സമരമിരിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ഗവർണറുമായുള്ള ചർച്ചയിൽ സന്തോഷമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ ഗവർണറെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു, ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി.
തന്നാലാവുന്നത് ചെയ്യാമെന്ന് ഗവർണർ വാക്ക് നൽകിയതായും ഉദ്യോഗാർഥികൾ പറഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ല. മധ്യസ്ഥത്തിന് ഡിവൈഎഫ്ഐ എത്തിയപ്പോൾ സ്വീകരിച്ചത് അതിനാലാണ്. ഗവർണറുമായി ചർച്ച നടത്താൻ ശോഭാ സുരേന്ദ്രൻ ഒരു അവസരമുണ്ടാക്കിയപ്പോൾ അത് പ്രയോജനപ്പെടുത്തിയതും അതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാർഥികളുടെ സമരം 25-ാ ദിവസമായ ഇന്നും തുടരുകയാണ്. ഉപവാസമുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങിയ ഉദ്യോഗാർഥികൾ ഇന്ന് പ്രതീകാത്മക മീൻ വിൽപന നടത്തിയും പ്രതിഷേധിച്ചിരുന്നു.