കൊച്ചി: വാളയാർ പെണ്‍കുട്ടികള്‍ മരിക്കാനിടയായ കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു പത്ത് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അത് വേഗത്തില്‍ വേണമെന്നും ജസ്റ്റിസ് വിജിഅരുണ്‍ നിര്‍ദേശിച്ചു. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജനുവരി 25നാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കിയത്. ജനുവരി 13നാണ് ഒറ്റമുറി വീട്ടില്‍ പതിമൂന്നുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതു വയസുളള സഹോദരിയെ ഇതേസ്ഥലത്ത് മരിച്ച നിലയില്‍ മാര്‍ച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.
മൂത്ത പെണ്‍കുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പോലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറിയ വിജ്ഞാപനത്തില്‍ ഇളയ കുട്ടി മരിച്ച കേസ് അന്വേഷിക്കുന്നതു സംബന്ധിച്ചു അപാകതകളുണ്ടായിരുന്നു. മാതാവ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു അപാകതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
2017ല്‍ വാളയാറിലെ ദലിത് സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ പോക്‌സോ നിയമപ്രകാരവും ബലാല്‍സംഘം, ആത്മഹത്യാ പ്രേരണകുറ്റങ്ങളും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തു വിചാരണ നടത്തിയത്.
വിചാരണയില്‍ പ്രതികളെ വെറുതെ വിട്ട പാലക്കാട് അഡീ.സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്തു ഇരകളുടെ അമ്മയും സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇതേതുടര്‍ന്നു വീണ്ടും വിചാരണ നടത്തുന്നതിനു ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപുറമേ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ഇരകളുടെ ബന്ധുക്കളും സര്‍ക്കാറും സമര്‍പ്പിച്ച ഹര്‍ജികളാണ് കേരള പോലിസിനെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കാര്യക്ഷമത ഇല്ലാത്ത ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലീസിന് ഒന്നാകെ നാണക്കേടാണെന്നു കോടതി മുമ്പു അഭിപ്രായപ്പെട്ടിരുന്നു. വിചാരണ കോടതി വിധി റദ്ദാക്കിയ ശേഷമാണ് പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.