സെക്രട്ടേറിയേറ്റ് മാർച്ചിനിടെ സംഘർഷം; കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. മാർച്ചിനിടെ പത്തോളം കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. സംഘർഷത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

ഇന്ന് ഉച്ചയോടെയാണ് കെഎസ്‌യു മാർച്ച് സംഘർഷത്തിൽ കലാശിക്കുന്നത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാനും പ്രവർത്തകർ ശ്രമിച്ചു.

വനിതാ പ്രവർത്തകർ അടക്കമാണ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത്. പ്രതിഷേധത്തിനിടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹയ്ക്ക് പരുക്കേറ്റു. കഴക്കൂട്ടത്ത് നിന്നെത്തിയ കെഎസ്‌യു പ്രവർത്തകനായ സമദിനെ പൊലീസ് വളഞ്ഞിട്ട് മർദിച്ചു.