മുംബൈ: കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്ത ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹാറിന്റെ ഭാര്യക്കും അമ്മക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മ വേനുവിനുമെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു സന്ദീപിന്റെ ആത്മഹത്യയെന്നും ഭാര്യക്കും അമ്മക്കുമെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് സന്ദീപിനെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും ഫേസ്ബുക്കിലിട്ട ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തതായി പൊലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
‘എം എസ് ധോനി-ദ അൺ ടോൾഡ് സ്റ്റോറി’യിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പവും കേസരിയിൽ അക്ഷയ് കുമാറിനൊപ്പവും സന്ദീപ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ കെഹ്നോ കോ ഹം സഫർ ഹേ എന്ന വെബ് സീരീസിലും ശുക്രുനു, ഖണ്ഡാനി സഫാഖാനാ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. അൾ ടോൾഡ് സ്റ്റോറിയിൽ പ്രധാന വേഷത്തിലാണ് സന്ദീപ് എത്തിയത്.