തിരുവനന്തപുരം: തുടർച്ചയായി ഇന്ധന വില റോക്കറ്റ് പോലെ ഉയരുമ്പോൾ ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. ഭക്ഷ്യഎണ്ണകൾ മുതൽ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് ഇപ്പോൾ വില. വ്യാപാരികൾക്ക് എല്ലം പറയാൻ കാരണവുമുണ്ട്. ഇന്ധനവില ഭീമമായി വർധിച്ചു.
ദിനംപ്രതി ഇന്ധനവില ഉയരുന്ന പ്രവണത തുടർന്നാൽ, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ സാധാരണജനങ്ങളുടെ ജീവിതം സ്തംഭിക്കുമെന്നത് തീർച്ച.
പതിനഞ്ചു ദിവസം മുൻപ് ഒരു ലിറ്റർ പാമോയിലിന് 80 രൂപയായിരുന്നു വില. ഇപ്പോഴത് 150 ആണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് 70 രൂപയുടെ വർധന. ഇത് തിരുവനന്തപുരം ചാലക്കമ്പോളത്തിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിലെ വിലയാണ്. ചില്ലറക്കച്ചവടക്കാരിലൂടെ സാധാരണക്കാരിലേക്ക് എത്തുമ്പോൾ വില ഇനിയും കൂടുമെന്ന് അർത്ഥം.
170 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ 230 ആയി. 160 രൂപയുണ്ടായിരുന്ന നല്ലെണ്ണ 230 ആയപ്പോൾ, 90 രൂപയുണ്ടായിരുന്ന സൺഫ്ളവർ ഓയിൽ 160 ആയാണ് ഉയർന്നത്. ഭക്ഷ്യ എണ്ണകളിൽ മാത്രമല്ല, വിലക്കയറ്റം.
കിലോക്ക് 70 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 140 ആയി ഉയർന്നു. 25 രൂപയുണ്ടായിരുന്ന സവോള ഒറ്റയടിക്ക് 55 കഴിഞ്ഞു. 190 രൂപയുണ്ടായിരുന്ന തേയിലക്ക് നൂറു രൂപയാണ് കൂടിയത്.
110 രൂപയുണ്ടായിരുന്ന ഉഴുന്നിന് ഇപ്പോൾ 140ഉം 90 രൂപയുണ്ടായിരുന്ന പരിപ്പിന് 120 രൂപയും കൊടുക്കണം. 80 രൂപയുടെ വെളുത്തുള്ളി പത്തുദിവസം കൊണ്ടാണ് 140ൽ എത്തിയത്. 90 രൂപയുണ്ടായിരുന്ന ഗ്രീൻപീസ് 130 ലേക്ക് കുതിച്ചു.
കൊറോണ കാല പ്രതിസന്ധിയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുകയായിരുന്ന കച്ചവടക്കാർക്കും വിലക്കയറ്റം തിരിച്ചടിയായി. ഇന്ധനവില ഇങ്ങനെ കൂടിക്കൊണ്ടിരുന്നാൽ കൂടുതൽ അവശ്യവസ്തുക്കളുടെ വിലയിലും മാറ്റം പ്രതിഫലിക്കും.