യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക മേധാവിയായിരുന്ന ഖാലിദ് മുഹമ്മദിനെ വിട്ടുകിട്ടുന്നത് ദുഷ്‌കരം; ഇന്റര്‍പോളിന്റെ സഹായം തേടാൻ കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലിയെ വിട്ടുകിട്ടുന്നതു ദുഷ്‌കരമെന്നു നിയമവിദഗ്ധര്‍.
ഇയാള്‍ക്കെതിരേ ചുമത്തപ്പെട്ട കുറ്റം ഖാലിദിന്റെ രാജ്യമായ ഈജിപ്റ്റില്‍ ഗൗരവമുള്ളതല്ലെന്നതാണു കാരണം. തങ്ങളുടെ പൗരനെ മറ്റൊരു രാജ്യത്തിനു വിചാരണ ചെയ്യാന്‍ വിട്ടുകൊടുക്കാന്‍ കൂട്ടുപ്രതികള്‍ നല്‍കിയ കുറ്റസമ്മതമൊഴി മതിയാകില്ലെന്നാണു വിലയിരുത്തല്‍. വിദേശത്തുനിന്നു ഡോളര്‍ കൊണ്ടുവരുന്നതു അവിടെ ഗൗരവമുള്ള കുറ്റവുമല്ല.

അതേസമയം, വിദേശത്തുള്ള ഖാലിദിനെ കണ്ടെത്തി വിളിച്ചുവരുത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനിരിക്കുകയാണു കസ്റ്റംസ്. സിബിഐ വഴിയാണു ഇന്റര്‍പോളിനെ സമീപിക്കുക. പ്രതി ചേര്‍ക്കണമെന്ന കസ്റ്റംസിന്റെ ആവശ്യം അനുവദിച്ച സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഖാലിദിനെതിരേ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇന്റര്‍പോളിനോട് ആവശ്യപ്പെടുന്നതിനു പ്രതികളുടെ കുറ്റസമ്മത മൊഴി ആവശ്യമാണ്. പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴി എടുത്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത യൂണീടാക് ഉടമ സന്തോഷ് ഈപ്പന്റെ രഹസ്യമൊഴി എടുക്കാനും സാധ്യതയുണ്ട്. ഇയാളുടെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ത്തിരുന്നില്ല. കസ്റ്റംസ് ആക്ടില്‍ മാപ്പുസാക്ഷി ഇല്ല. കേസില്‍ ഈപ്പനെ പ്രതിചേര്‍ക്കേണ്ടതു അനിവാര്യമാമെന്ന നിയമോപദേശത്തെ തുടര്‍ന്നാണു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡോളര്‍ കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നു എന്നതാണു സ്വപ്നയ്‌ക്കെതിരായ കുറ്റം. സരിത്താണു ഡോളര്‍ പായ്ക്ക് ചെയ്ത് എക്‌സ്‌റേ പരിശോധിച്ച് ഉറപ്പാക്കിയത്. ഡോളര്‍ കരിഞ്ചന്ത വഴി മാറ്റിക്കിട്ടാന്‍ ബാങ്ക് ജീവനക്കാരെ സ്വാധീനിച്ചുവെന്നതാണു മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരേയുള്ള കുറ്റം. ഡോളര്‍ മാറിയെടുത്തതും ഖാലിദിനു കൈമാറിയതും സന്തോഷ് ഈപ്പനാണ്. ഡോളര്‍ കടത്ത് സമ്മതിച്ച ഏക വ്യക്തിയും സന്തോഷാണ്. ഈ സാഹചര്യത്തിലാണു സന്തോഷിനെ പ്രതിചേര്‍ത്തത്.

ഇന്റര്‍പോളിന്റെ സഹായത്തോടെ മൂന്നാം പ്രതിയായ ഖാലിദിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണു കസ്റ്റംസിന്റെ പ്രതീക്ഷ. ആദ്യം ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കി ഖാലിദ് എവിടെയുണ്ടെന്നു കണ്ടെത്തി അറിയിക്കും. അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസാണു പുറപ്പെടുവിക്കുക. അതിനുതക്ക കുറ്റകൃത്യം തെളിയിക്കപ്പെടണം. പ്രോട്ടോകോള്‍ വകുപ്പ് ഇയാള്‍ക്കു നല്‍കിയിരുന്ന നയതന്ത്ര പരിരക്ഷ പിന്‍വലിച്ചിരുന്നു. പിന്നാലെ, ഖാലിദിനു നയതന്ത്ര പരിരക്ഷയില്ലെന്നും ഇയാള്‍ സാധാരണ ഉദ്യോഗസ്ഥനാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

1.90 ലക്ഷം യു.എസ്. ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒമാന്‍ വഴി കെയ്‌റോയിലേക്കുളള യാത്രയില്‍ ഹാന്‍ഡ് ബാഗിലാണു ഖാലിദ് ഡോളര്‍ കടത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഈ യാത്രയില്‍ സ്വപ്നയും സരിത്തും ഒമാന്‍ വരെ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.