ചണ്ഡിഗഡ്: കർഷക രോക്ഷത്തിൽ അടിതെറ്റി ബിജെപി. പഞ്ചാബിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സമ്പൂർണ ആധിപത്യം. ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ എന്നീ കോർപ്പറേഷനുകളാണ് കോൺഗ്രസ് തൂത്തുവാരിയത്.
ഭട്ടിൻഡയിൽ 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.
ആകെയുള്ള 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിൽ 82 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ശിരോമണി അകാലിദൾ ആറിടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല.ബതിൻഡയിൽ കോൺഗ്രസ് 50 ൽ 43 വാർഡുകളിലും ജയിച്ചു. അബോഹറിൽ 50 വാർഡിൽ ഒരിടത്തുമാത്രമാണ് പരാജയം നേരിട്ടത്.
കപൂർത്തലയിൽ 40 സീറ്റിൽ മൂന്നെണ്ണം മാത്രം ശിരോമണി അകാലിദൾ വിജയിച്ചപ്പോൾ മറ്റ് സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി. കർഷകനിയമങ്ങൾക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബിൽ, നിയമങ്ങൾ പാസാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിൽ ജനരോഷം വ്യക്തമാണ്.