തൃശൂര്‍ : കോൺഗ്രസ് ബന്ധത്തിൽ നേടിയ സ്ഥാനങ്ങൾ ഒഴിയാൻ സിപിഎം നിർദ്ദേശിക്കുമ്പോൾ തന്നെ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഇടതുപക്ഷം ഭരണം പിടിച്ചു. സിപിഎം അംഗം എ ആര്‍ രാജുവാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അംഗങ്ങള്‍ സിപിഎം അംഗമായ രാജുവിന് വോട്ടു ചെയ്യുകയായിരുന്നു.
14 അംഗ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ ബിജെപിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം വേണ്ടെന്ന് പറഞ്ഞ് വിജയിച്ച എ ആര്‍ രാജു രാജിവെക്കുകയായിരുന്നു.
ഇപ്പോൾ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തതോടെയാണ് എ ആര്‍ രാജു തന്നെ പ്രസിഡന്റായത്. ഇതോടെ മധ്യകേരളത്തില്‍ കഴിഞ്ഞ തവണ ഭരണം കയ്യാളിയിരുന്ന ഏക പഞ്ചായത്താണ് ബിജെപിക്ക് നഷ്ടമായത്