റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ടയിലെ അക്രമം; മുഖ്യപ്രതി അറസ്റ്റിൽ

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റിൽ. ഡെൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ചൊവ്വാഴ്ച ഡെൽഹി സ്വരൂപ് നഗർ സ്വദേശിയായ മനീന്ദർ സിങ് (30) എന്ന മോണിയെ അറസ്റ്റ് ചെയ്തത്.കർഷക യൂണിയനുകൾ സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉണ്ടായ ആക്രമണങ്ങളിലെ മുഖ്യപ്രതിയാണ് മനീന്ദർ സിങ്.

ചെങ്കോട്ട അക്രമ കേസിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽപ്പെട്ടയാളാണ് ഇയാൾ. അറസ്റ്റിനെത്തുടർന്ന് സ്വരൂപ് നഗറിലെ മനീന്ദർ സിങ്ങിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ രണ്ട് വാളുകൾ ഡെൽഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ജനുവരി 26 ന് ചെങ്കോട്ടയിൽ വെച്ച് രണ്ട് വാളുകൾ ചുഴറ്റുന്ന വീഡിയോയിൽ മനീന്ദർ സിങ്ങിനെ കണ്ടിരുന്നതായി ഡെൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് കൂടി കോടതി നീട്ടിയിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. വരും ദിവസങ്ങൾ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.