ന്യൂഡെൽഹി: കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ദിവസവും കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ പട്യാല ഹൗസ് കോടതി അനുമതി നൽകി. അറസ്റ്റിലായ ദിശക്ക് കുടുംബാംഗങ്ങളെ കാണാൻ അവസരം ലഭിച്ചിരുന്നില്ല.
ദിശക്ക് ഇനി ദിവസവും അര മണിക്കൂർ നേരം അഭിഭാഷകനെയും 15 മിനുട്ട് നേരം കുടുംബാംഗങ്ങളെയും കാണാൻ കോടതി അനുവദിച്ചു. ദിശയുടെ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് അനുമതി. എഫ്ഐആറിന്റെ പകർപ്പും ചൂടുകുപ്പായവും ദിശക്ക് ലഭ്യമാക്കാനും കോടതി നിർദേശിച്ചു.
ദിശയുടെ അറസ്റ്റിനെ തുടർന്ന് രാജ്യമെമ്പാടും വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ദിശയെ പൊലീസ് ലക്ഷ്യമിട്ടിരുന്നെന്നും നേരത്തെ തന്നെ കേസിൽ പ്രതിചേർക്കാൻ ശ്രമം നടന്നിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
ഗ്രെറ്റ ടൂൾകിറ്റ് കേസിൽ കഴിഞ്ഞ ദിവസമാണ് കോളജ് വിദ്യാർഥി കൂടിയായ ദിശ രവിയെ ബംഗളൂരുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിശ രവി, നികിത ജേക്കബ്, ശന്തനു എന്നിവർ ചേർന്നാണ് ടൂൾ കിറ്റ് ഡോക്യുമെൻറ് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ ആക്ടിവിസ്റ്റ് ശാന്തനു മുലുകിന് അറസ്റ്റിൽ നിന്ന് ബോംബൈ ഹൈകോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ട്. അറസ്റ്റിൽ നിന്നു 10 ദിവസത്തെ സംരക്ഷണമാണ് കോടതി നൽകിയത്. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ഡൽഹി കോടതിയെ സമീപിക്കാം.