ചെന്നൈ: സ്ഥാനാർഥിയാകാൻ ഓൺ ലൈനിൽ അപേക്ഷിക്കാം. സ്ഥാനാർഥ്വത്തിന് സാധ്യതയുള്ളവർക്ക് ഫീസ് വെറും 25000 രൂപ മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്കായി
കമൽഹാസൻ്റെ മക്കൾ നീതി മയ്യമാണ് ഈ നവീന പദ്ധതി. തമിഴ്നാട്-പുതുച്ചേരി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചത്. ഞായറാഴ്ച മുതലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പാർട്ടി പ്രവർത്തകർക്കും അല്ലാത്തവർക്കും അപേക്ഷ നൽകാം. സ്ഥാനാർഥ്വത്തിന് സാധ്യതയുള്ളവർ പാർട്ടി ടിക്കറ്റിന് പരിഗണിക്കപ്പെടണമെങ്കിൽ 25000 രൂപ നൽകണമെന്നും മക്കൾ നീതി മയ്യം പറയുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും മെയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മക്കൾ നീതി മയ്യത്തിന് ബാറ്ററി ടോർച്ച് ചിഹ്നം ലഭിച്ചതായി കമൽഹാസൻ അറിയിച്ചു.
കഴിഞ്ഞ മാസം വലത് കാലിൻ്റെ അസ്ഥിക്ക് നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ നേരിയ അണുബാധയിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുകയാണ് താരം. ‘തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലേക്ക് ടോർച്ച് ലൈറ്റ് ചിഹ്നം അനുവദിച്ചു കിട്ടിയിരിക്കുകയാണ്’ -കമൽഹാസൻ ട്വീറ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബാറ്ററി ടോർച്ച് ചിഹ്നമായിരുന്നു കമലഹാസൻ്റെ പാർട്ടിക്ക് ലഭിച്ചത്. 3.77 ശതമാനം വോട്ട് പങ്കാളിത്തമായിരുന്നു അന്ന് ലഭിച്ചത്. ചില നഗര പ്രദേശങ്ങളിൽ 10 ശതമാനം വരെ വോട്ട് പങ്കാളിത്തം നേടിയിരുന്നു. തെരഞ്ഞെടുപ്പ് സഖ്യം, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ കൈക്കൊള്ളാൻ സ്ഥിരം അധ്യക്ഷനായ കമൽഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്.