എല്ലാ ജില്ലകളിലും സീറ്റ് വേണമെന്ന് മഹിളാ കോൺഗ്രസ്; 35 പേരുടെ പട്ടിക കെപിസിസിക്ക് കൈമാറും

തിരുവനന്തപുരം: എല്ലാ ജില്ലകളിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ്. 35 പേരുടെ പട്ടിക നേതൃത്വം തയാറാക്കി. ഇത് ഉടൻ കെപിസിസിക്ക് കൈമാറും. 35 സീറ്റിലേക്കാണ് പട്ടിക തയാറാക്കിയതെങ്കിലും 14 സീറ്റ് ലഭിക്കുമെന്നാണ് മഹിളാ കോൺഗ്രസിൻ്റെ പ്രതീക്ഷ.

ഇനിയും സ്ത്രീകളെ മത്സരിപ്പിക്കാനോ മത്സരിപ്പിച്ചാൽ തന്നെ ജയസാധ്യതയുള്ള സീറ്റുകൾ നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് മഹിള കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്.

ഷാനിമോൾ ഉസ്മാൻ എംഎൽഎയെ അരൂരിൽ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടും. ലതികാ സുഭാഷിന് ഏറ്റുമാനൂരും പത്മജ വേണുഗോപാലിന് തൃശൂരും ബിന്ദു കൃഷ്ണക്ക് കൊല്ലത്തും സീറ്റ് നൽകണമെന്നാണ് ആവശ്യം.

പി.കെ ജയലക്ഷ്മിക്ക് മാനന്തവാടിയും ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി അധ്യക്ഷ ഡോക്ടർ കെ.വി ഫിലോമിക്ക് ഇരിക്കൂറും ലാലി വിൻസൻറിന് എറണാകുളവും ഉഷാദേവി ടീച്ചർക്ക് കോഴിക്കോട് നോർത്തും നൽകണം. കൊച്ചി മുൻമേയർ സൗമിനിജെയിനേയും മത്സരിപ്പിക്കണമെന്ന് മഹിള കോൺഗ്രസ് ആവശ്യപ്പെടുന്നു.