ന്യൂഡെൽഹി: ഇന്ത്യയിലെ പൊതുവിപണിയില്‍ കൊറോണ വാക്സിന് എത്താൻ വൈകും. പൊതുവിപണിയില്‍ വാക്സിന് ലഭ്യമാക്കാനുള്ള നയപരമായ തിരുമാനം കൈകൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി. രാജ്യത്ത് കൊറോണ വാക്സിനുകള്‍ പൊതുവിപണിയില്‍ ഏപ്രില്‍ മാസത്തോടെ എത്തും എന്നായിരുന്നു പ്രതീക്ഷ.
നയപരമായ വിഷയമായി പരിഗണിച്ച് വേണം പൊതുവിപണിയിലെ വാക്സിന് ലഭ്യമാക്കല്‍ തിരുമാനിക്കേണ്ടത് എന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു. നാളത്തെ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ വാക്സിനും ആയ് ബന്ധപ്പെട്ട വിഷയം ഇടം പിടിക്കും എന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായി വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അടിയന്തിര ഉപയോഗത്തിന് ഉപരി പൊതു വിപണിയില്‍ വാക്സിന് ലഭ്യമാക്കിയാല്‍ വാക്സിനേഷന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ ബാധിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് തിരുമാനം. പൊതുവിപണിയില്‍ തിരക്കിട്ട് എത്തിച്ചാല്‍ വാക്സിന് ദുരുപയോഗത്തിനും കാരണമാകും എന്നാണ് വിലയിരുത്തല്‍.
പൊതുവിപണിയില്‍ വാക്സിന് ലഭ്യമാക്കാനുള്ള നയപരമായ തീരുമാനം കൈകൊള്ളുന്നത് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും സൂചിപ്പിച്ചു. വാക്സിന് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട തിരുമാനം കൈക്കൊള്ളില്ലെന്ന് ഹര്‍ഷ വര്ധന് വ്യക്തമാക്കി. ഇതോടെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി മാത്രം ആകും ഇനിയും കൊറോണ വാക്സിന് ഇന്ത്യയില്‍ ഉണ്ടാകുക.
ജൂലൈയിലോ ഓഗസ്റ്റിലോ മാത്രമാകും പൊതുവിപണിയില്‍ വാക്സിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്താന്‍ കേന്ദ്രം അനുവാദം നല്‍കുക. 1.73 വാക്സിനേഷന് കേന്ദ്രങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്.