കവർച്ച സംഘം തട്ടികൊണ്ടു പോയി; മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലയാളി യുവാവ് തിരിച്ചെത്തി

റിയാദ്: സൗദിയില്‍ വച്ച് മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലയാളി യുവാവ് തിരിച്ചെത്തി. മൂന്ന് വര്‍ഷവും നാല് മാസവും നീണ്ട തെരച്ചിലിനൊടുവില്‍ സമീഹ് തിരികെയെത്തിയ സന്തോഷത്തിലാണ് ബന്ധുക്കള്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ അബ്ദുല്‍ ലത്തീഫ് – സക്കീന ദമ്പതികളുടെ മകന്‍ സമീഹാണ് റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സഫീറിനെ ഫോണില്‍ ബന്ധപ്പെട്ട ശേഷം തിരികെയെത്തിയത്. സൗദി രഹസ്യാന്വേഷണ വിഭാഗം, ഗവര്‍ണറേറ്റ്, ആശുപത്രികള്‍, ജയിലുകള്‍, പൊലീസ് സ്റ്റേഷനുകള്‍, അഭ്യന്തര മന്ത്രാലയം, എംബസി എന്നിവിടങ്ങളിലെല്ലാം സഹായം തേടിയെങ്കിലും ആര്‍ക്കും കണ്ടെത്താനായില്ല.

ഔദ്യോഗിക രേഖകളിലും കാണ്‍മാനില്ലെന്ന വിവരമായിരുന്നു സമീഹിനെപ്പറ്റിയുണ്ടായിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി സഹോദരനെ സമീഹ് ബന്ധപ്പെട്ടത്. ബത്ഹയിലേക്ക് പോകുന്നതിനിടെ വഴി തെറ്റി ദമ്മാം റോഡിലെത്തുകയും അവിടെ വെച്ച് കവര്‍ച്ചക്കാരുടെ പിടിയിലാവുകയും ചെയ്തുവെന്നാണ് വിവരം. കവര്‍ച്ചാ സംഘം മരുഭൂമിയില്‍ കൊണ്ടുപോയി പണവും കാറും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ആദ്യം ഒരു ടെന്റില്‍ പാര്‍പ്പിക്കുകയും പിന്നീട് അവിടെ നിന്ന് ഒരു മസറയില്‍ (കൃഷി സ്ഥലം) എത്തിച്ചേരുകയും ചെയ്തു. അവിടേക്ക് വെള്ളം കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ വഴിയാണ് സഹോദരനെ ബന്ധപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു ഇത്. തുടര്‍ന്ന് രാവിലെയോടെ മുറിയില്‍ എത്തിക്കുകയായിരുന്നു.
റിയാദ് ബത്ഹയിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമീഹിനെ 2016 ഡിസംബര്‍ 13നാണ് കാണാതായത്