കൊച്ചി: എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകിയതിനെതിരെ ബിജെപി. പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് ഈ പുരസ്കാരം നൽകിയതിലൂടെ വ്യക്തമാകുന്നത്. ശബരിമല വിഷത്തിൽ ഹിന്ദുക്കളെ ആക്ഷേപിച്ച അതേ പ്രതികാരമനോഭാവമാണ് ഇവിടെയും. ഹിന്ദുക്കളെ അപമാനിക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ഹിന്ദു സ്ത്രീകൾ അമ്പലത്തിൽപോകുന്നത് വളരെ മ്ലേച്ഛകരമായ കാര്യത്തിനാണ് എന്ന് പരാമർശിച്ച നോവലിന് പുരസ്കാരം നൽകിയത് പ്രതികാര ബുദ്ധിയോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത്രയധികം അപകീർത്തികരമായ പരാമർശമുള്ള നോവൽ നമ്മുുടെ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മീശ നോവലിനെതിരെ കേരളത്തിലെ പ്രബലമായ സമുദായത്തോടൊപ്പം ഹിന്ദു സമൂഹമൊന്നാകെ രംഗത്തുവന്നിരുന്നു. ഹിന്ദുക്കളെ വെല്ലുവിളിക്കുക അവരുടെ വിശ്വാസപ്രമാണങ്ങളെ ആക്ഷേപിക്കുയെന്നത് പതിവ് പരിപാടിയായി മാറിയിരിക്കുകയാണ്. ഈ അവാർഡ് നൽകുന്നതിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുകയെന്നും സുരേന്ദ്രൻ പറഞ്ഞു.