ന്യൂഡെൽഹി: ആയുർവ്വേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ നടത്താമെന്ന കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്ര തീരുമാനത്തിനെതിരെ കൂട്ട നിവേദനം സമർപ്പിക്കാനുള്ള തീരുമാനത്തിലാണ് ഐഎംഎ. നടപടിയിൽ പ്രതിഷേധമറിയിച്ച് ഐഎംഎ റിലേ നിരാഹാര സമരവും സംഘടിപ്പിച്ചിരുന്നു.
“അപ്രായോഗികവും അശാസ്ത്രീയവും അധാർമികവുമായ വിജ്ഞാപനം” ഉടൻ പിൻവലിക്കണമെന്നാണ് ഐ എം എയുടെ ആവശ്യം. നിവേദനത്തിന് പുറമെ വിജ്ഞാപനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും ഐഎം എ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളിൽ ഡോക്ടർമാരുടെ അഭാവമുണ്ടെന്ന അവകാശ വാദം തെറ്റാണെന്ന് തെളിയിക്കാൻ സേവനസന്നദ്ധരായ 1000 മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പട്ടിക സമർപ്പിക്കാനും ഐ എം എ തീരുമാനിച്ചു.
ഐഎംഎ അംഗങ്ങൾ, സ്പെഷ്യാലിറ്റി ഓർഗനൈസേഷൻസ്, ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിദ്യാർത്ഥികൾ, വനിതാ ഡോക്ടർമാർ എന്നിവർ രാജ്യത്തെങ്ങുമുള്ള ജനങ്ങളെ, ആരോഗ്യ രംഗത്തെ പിന്തിരിപ്പനും അശാസ്ത്രീയവുമായ ഈ നടപടിയെക്കുറിച്ച് ബോധവത്കരണം നടത്തും. എല്ലാ ആധുനിക ആശുപത്രികളും ശാസ്ത്രീയവും പരിശീലനം സിദ്ധിച്ചതുമായ ശസ്ത്രക്രിയാ വിദഗ്ധരുടെ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.