ന്യൂഡെൽഹി: സിദ്ദീഖ് കാപ്പന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പൊലീസ് സുരക്ഷയിലാണ് ജാമ്യം. മാതാവിനെയും അടുത്ത ബന്ധുക്കളെയും അല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിഷ്കർഷിച്ചു. മാധ്യമങ്ങളെ കാണരുതെന്ന് പ്രത്യേകം കോടതി പറഞ്ഞു.
ഇടക്കാല ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന എസ്ജി വാദം സുപ്രീം കോടതി തള്ളി. കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്നും പിഎഫ്ഐ പ്രവർത്തകനാണ് സിദ്ദീഖ് കാപ്പാനെന്നും എസ് ജി കോടതിയിൽ വാദിച്ചു. മാതാവിൻ്റെ മരണം ആസന്നമാണെന്ന് പറയുമ്പോൾ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
അറസ്റ്റിലായി അഞ്ചുമാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത്.90 വയസ്സായ, കിടപ്പിലായ മാതാവിൻ്റെ ആരോഗ്യം പരിഗണിച്ച് സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദീഖ് കാപ്പൻ്റെ മാതാവ് കദീജ കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകൻ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
യുപി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത വിവരം ഇത് വരെ മാതാവിനെ സംഭവം അറിയിച്ചിട്ടില്ല. കാപ്പൻ്റെ മാതാവിൻ്റെ അവസാന ആഗ്രഹമാണ് മകനെ കാണുകയെന്നതെന്നും നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. സിദ്ദീഖ് കാപ്പനും രോഗിയായ മാതാവും തമ്മിലുള്ള വീഡിയോ കോൺഫറൻസിംഗിന് കെ.യു.ഡബ്ല്യു.ജെയുടെ അഭ്യർത്ഥനയെ തുടർന്ന് അടുത്തിടെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.