കേന്ദ്രവുമായി സഹകരിക്കാന്‍ സംസ്ഥാനം സന്നദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: ബിപിസിഎല്‍ വില്‍പ്പനയെ പരോക്ഷമായി പരാമര്‍ശിച്ച് പ്ലാന്‍റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് മാത്രമല്ല വ്യവസായ വികസനമെന്നും വികസന പദ്ധതികളില്‍ കേന്ദ്രവുമായി സഹകരിക്കാന്‍ സംസ്ഥാനം സന്നദ്ധമെന്നും മുഖ്യമന്ത്രി അറിയിച്ചു. വേഗതയും സുരക്ഷിതത്വവുമുള്ള ഗതാഗത സൗകര്യങ്ങള്‍ ആധുനിക സമൂഹത്തിന്​ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്​. ഇവ വ്യാവസായിക വളര്‍ച്ചക്ക്​ അടിത്തറയൊരുക്കും.

കേരളത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങള്‍ ഗതാഗത യോഗ്യമാക്കുന്നത്​ ചെലവും മലിനീകരണവും കുറഞ്ഞ ഗതാഗത സൗകര്യത്തിന്​ വഴിയൊരുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ​​ങ്കെടുത്ത ബിപിസിഎല്‍ പ്ലാന്‍റ്​ ഉദ്​ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലര വര്‍ഷമായി സംസ്​ഥാനത്ത്​ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സംസ്​ഥാന സര്‍ക്കാര്‍ നടത്തി. സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ട്​ മാത്രമല്ല, വ്യവസായ അഭിവൃദ്ധിയുണ്ടാക്കേണ്ടത്​. പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാ​ഗത മേഖലക​ളെ നവീകരിച്ചും അവ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.