തൊഴിലിനുള്ള ഏത് സമരവും ന്യായം; പിഎസ്‌സി ഉദ്യോഗാർത്ഥി സമരത്തെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: തൊഴിലിനായുള്ള ഏത് സമരവും ന്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സെക്രട്ടേറിയറ്റിന് മുൻപിൽ പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ അദ്ദേഹം ന്യായീകരിച്ചു. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും വിഷയങ്ങൾ സർക്കാർ ഉടൻ പരിഹരിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

തൊഴിലിനുവേണ്ടിയുള്ള എല്ലാവരുടെയും സമരം ന്യായമാണ്. ജീവിക്കുന്നതിന് വേണ്ടി ഒരു തൊഴിൽ വേണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ആർക്കാണ് പറയാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

എൽഡിഎഫ് വിട്ട മാണി സി. കാപ്പന്റെ നിലപാട് അനുചിതമാണ്. ഇടത് മുന്നണിയുടെ പിൻബലത്തിൽ കിട്ടിയ എംഎൽഎ സ്ഥാനം രാജിവെച്ച് വേണം കാപ്പൻ മുന്നണി വിടാൻ. എൻസിപി ഇടത് മുന്നണി വിടുമെന്ന് കരുതാനാവില്ല. മാണി സി. കാപ്പന്റെ തീരുമാനം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.