ജോസ് കെമാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ. കേരള കോൺഗ്രസ് ചിഹ്നത്തിൽ ഇനി പാർട്ടിക്ക് മത്സരിക്കാനാകും. പാർട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ്റെ തീരുമാനം.

നേരത്തേ ചെയർമാൻ സ്ഥാനം തർക്കത്തിലായതിനെത്തുടർന്ന് ജോസ് കെ മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച് അദ്ദേഹത്തെ ചെയർമാനായി തീരുമാനിച്ചിരുന്നു. അതിനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയിരിക്കുന്നത്. വിഷയത്തിൽ പിജെ ജോസഫ് പ്രതികരിച്ചിട്ടില്ല.

അതേസമയം ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് തീരുമാനമെന്ന് കേരളാ കോൺഗ്രസ്സ് (എം)ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പോലും അംഗീകരിക്കാതെ വ്യാപകമായി നുണപ്രചരണങ്ങൾ ഉണ്ടായി. നിശ്ചദാർഡ്യത്തോടെ സത്യത്തിന്റെ പാതയിൽ ഉറച്ച് നിന്ന് നടത്തിയ നിയമ, രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും ജോസ് കെ.മാണി പറഞ്ഞു.