കേന്ദ്ര സർക്കാരിന് കർഷകരെയോ അവരുടെ ആവശ്യമോ മനസിലാക്കാൻ കഴിയുന്നില്ല; കര്‍ഷകരെ കാണാന്‍ മോദിക്ക് സമയമില്ല; പ്രിയങ്ക

ന്യൂഡെൽഹി: രാജ്യത്തെ സ്വയംപര്യാപ്തയിൽ എത്തിച്ച കർഷകരെ പുതിയ കാർഷിക നിയമങ്ങൾ ദുരിതത്തിലേക്ക് തള്ളിവിട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാരിന് കർഷകരെയോ അവർ ഉന്നയിക്കുന്ന ആവശ്യം എന്താണെന്നോ മനസിലാക്കാൻ കഴിയുന്നില്ലെന്നും ഉത്തർപ്രദേശിലെ സഹരൺപൂരിൽ നടന്ന കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അവർ പറഞ്ഞു.

പാകിസ്താനിലും ചൈനയിലും പോകാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി മോദി പ്രക്ഷോഭം നടത്തുന്ന കർഷകരെ സന്ദർശിക്കാൻ സമയം കണ്ടെത്തുന്നില്ല. കർഷകരാണ് അദ്ദേഹത്തെ വോട്ടുചെയ്ത് അധികാരത്തിലേറ്റിയത്.‌ സമരജീവികളെന്ന് വിളിച്ച് കർഷകരെ പ്രധാനമന്ത്രി അപമാനിച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന കർഷകരെ അവർ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കുന്നു. കർഷകരെ അവർ സംശയിക്കുന്നു. എന്നാൽ കർഷകർക്ക് ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കാനാവില്ല. കർഷകരുടെ ഹൃദയവും അവർ ചെയ്യുന്ന ജോലിയും എക്കാലത്തും രാജ്യത്തിനു വേണ്ടിയാണ്. രാത്രിയും പകലും അവർ രാജ്യത്തിനുവേണ്ടി കൃഷിയിടത്തിൽ ജോലി ചെയ്യുന്നു. അവർക്ക് എങ്ങനെ രാജ്യത്തെ വഞ്ചിക്കാനാവുമെന്നും പ്രിയങ്ക ചോദിച്ചു.

ജനങ്ങൾ കൂട്ടം കൂടുന്നത് തടയാൻ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ നിലനിൽക്കെയാണ് സഹരൺപൂരിൽ കിസാൻ മഹാപഞ്ചായത്ത് നടന്നത്. പഞ്ചാബിലെയും ഹരിയാണയിലെയും കർഷകർ തുടങ്ങിവച്ച സമരത്തിന്റെ പുതിയ കേന്ദ്രമായി സഹരൺപുർ മാറിയതോടെ ജില്ലാ ഭരണകൂടം ബുധനാഴ്ച രാവിലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഉത്തർപ്രദേശിലെ 27 ജില്ലകളിൽ കോൺഗ്രസ് നടത്തിയ ‘ജയ് ജവാൻ, ജയ് കിസാൻ’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. യുപിയിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷക സമരത്തിന് കോൺഗ്രസ് വൻ പിന്തുണയാണ് നൽകുന്നത്.