തിരുവനന്തപുരം: കുപ്രസിദ്ധ തട്ടിപ്പുകാരി സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്. ബെവ്കോ നിയമനങ്ങൾ പി എസ് സിക്ക് വിട്ടിരിക്കുകയാണ്. ബെവ്കോയുടെ പേരിലുളളത് വ്യാജ നിയമന ഉത്തരവാകാനാണ് സാദ്ധ്യത. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബെവ്കോ മാനേജർ മീനാകുമാരിയുടെ പേരിലായിരുന്നു നിയമന ഉത്തരവ്. മീനാകുമാരിയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട രേഖകളും സിഡിയും വിജിലൻസ് പരിശോധിച്ചു. ഇതോടെ ഉദ്യോഗസ്ഥതലത്തിൽ അന്വേഷണമുണ്ടാകില്ലെന്ന് ഉറപ്പായി.
അതേസമയം, സരിതയുടെ അക്കൗണ്ടിലേക്ക് ഉദ്യോഗാർത്ഥികൾ നൽകിയ പണം, ശബ്ദ രേഖ തുടങ്ങിയ തെളിവുകൾ മുന്നിലുളളപ്പോഴും സരിതയ്ക്ക് എതിരെ ഒരു നടപടിയും ഇതുവരെ പൊലീസ് സ്വീകരിച്ചിട്ടില്ല. ശബ്ദരേഖ പുറത്തുവിട്ട ഉദ്യോഗാർത്ഥികൾക്ക് നേരെ വധഭീഷണി ഉണ്ടെന്ന ആരോപണമുണ്ട്.
സരിത അഭിഭാഷകനെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഉദ്യോഗാർത്ഥി തന്നെ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. സർക്കാർ തലത്തിൽ തന്നെ കേസ് അട്ടിമറിക്കാനുളള ശ്രമം നടക്കുന്നതായി ഉദ്യോഗാർത്ഥികൾ ആരോപണം ഉന്നയിക്കുന്നുണ്ട്.