തിരുവനന്തപുരം: വിവാദ പരീക്ഷയ്ക്ക് പിന്നാലെ കെൽട്രോൺ എംഡി സ്ഥാനത്തുനിന്ന് ടി ഹേമലതയെ നീക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ചോദ്യപേപ്പർ വിവാദമായതോടെയാണ് നടപടി. ‘ക്രിസ്തു വന്ന ശേഷം പ്രസക്തി നഷ്ടപ്പെട്ട ദൈവം ആര്’ എന്നായിരുന്നു ചോദ്യം. കെൽട്രോൺ പ്രകടനം മോശമാകുന്നതിലും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ഫ്രാഞ്ചൈസി ക്ഷണിച്ചു കൊണ്ട് കെൽട്രോൺ നടത്തിയ ഓൺലൈൻ പരീക്ഷയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. യേശുക്രിസ്തുവിന്റെ വരവിന് ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ഏതെന്നായിരുന്നു കെൽട്രോൺ നൽകിയ ചോദ്യം. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ, ഇന്ദ്രൻ എന്നീ നാല് ഉത്തരങ്ങളും നൽകിയിരുന്നു.
ചോദ്യം വിവാദമായതിന് പിന്നാലെ ഏൻഷ്യൻ ഹിസ്റ്ററിയിലെ വേദിക്ക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെൽട്രോൺ രംഗത്തു വന്നെങ്കിലും സംഭവം വിവാദമായി. ഇതോടെ എംഡി പ്രതിസ്ഥാനത്താകുകയും ചെയ്തു. തുടർന്നാണ് എം.ഡിയുടെ പുറത്താകലിലേക്ക് കാര്യങ്ങൾ എത്തിയത്.