ഓണ്‍ലൈൻ ജില്ലാ ആസൂത്രണ സമിതിയിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്തയും സിറ്റിംഗ് ഫീസും; സര്‍ക്കാരിന്റെ ഉത്തരവ് വിവാദമാകുന്നു

തിരുവനന്തപുരം: ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് യാത്രാബത്തയും സിറ്റിംഗ് ഫീസും നല്‍കാന്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. ജില്ലാ ആസൂത്രണ സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്കാണ് യാത്രാബത്തയും സിറ്റിംഗ് ഫീസും നല്‍കാൻ തദ്ദേശഭരണ വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. കഴിഞ്ഞ തവണ ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ സമിതി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇത് അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈനായിട്ടാണ് അംഗങ്ങള്‍ പങ്കെടുക്കുന്നതെങ്കിലും 400 രൂപ യാത്രാ ബത്തയും 600 രൂപ സിറ്റിംഗ് ഫീസും ഉള്‍പ്പെടെ 1000 രൂപ വീതം ഒരു അംഗത്തിന് നല്‍കാനാണ് നിര്‍ദ്ദേശം. ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയാറാക്കിയ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് ജില്ലാ ആസൂത്രണ സമിതിയാണ്. ഇതോടൊപ്പം പൂര്‍ത്തീകരിച്ച പരിപാടികള്‍ വിലയിരുത്തുന്നതും 12 അംഗങ്ങള്‍ അടങ്ങിയ സമിതിയാണ്.

അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങേണ്ട പദ്ധതികള്‍ പഞ്ചായത്തുകള്‍ തയാറാക്കി ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്ന സമയമാണിപ്പോള്‍. നേരത്തെ കളക്ട്രേറ്റില്‍ നടന്നിരുന്ന ജില്ലാ ആസൂത്രണ സമിതിയോഗങ്ങള്‍ ഇപ്പോള്‍ കൊറോണ വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈനായാണ് നടക്കുന്നത്.

ഓണ്‍ലൈനായിട്ടാണെങ്കിലും യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത നല്‍കണമെന്ന് 2021 ജനുവരി ഏഴിനു ചേര്‍ന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കുള്ള കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യപ്പെട്ടു. ഇതനസുരിച്ചാണ് ഉത്തരവിറക്കിയത്.

ഓണ്‍ലൈനായി പങ്കെടുക്കുമ്പോള്‍ യാത്രാ ബത്ത എന്തിനെന്നതു വ്യക്തമല്ല. വീടുകളിലോ ഓഫീസുകളിലോ ഇരുന്നാകും യോഗത്തില്‍ പങ്കെടുക്കുക തന്നെ. സംസ്ഥാനത്തെ പതിനാല് ജില്ലകളിലേയും ആസൂത്രണ സമിതികള്‍ പദ്ധതിക്ക് അനുമതി നല്‍കാനായി ഇപ്പോള്‍ യോഗങ്ങള്‍ ചേരുന്നുണ്ട്.