മലപ്പുറം : മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗം ബാധിച്ചത്. ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവർ ആണ് ഇവർ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി 30 കാരനും കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരനുമാണ് വൈറസ് ബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇരുവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരും ജാഗ്രതാ നിര്‍ദ്ദേശം പാലിക്കാതെ പൊതു സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും ഇവരുമായി അടുത്ത് ഇടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ രണ്ടു പേര് രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.
ആരോഗ്യ പ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികള്‍ സന്ദര്‍ശിക്കാതെ ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.