കോട്ടയം: ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ് രംഗത്ത്. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുകയാണെന്നും എന്‍എസ്എസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടിയുള്ള പുതിയവാദഗതികളുമായി രാഷ്ട്രീയകക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത് കൗതകകരമാണ്.
കേന്ദ്രഭരണം കയ്യിലിരിക്കെ തന്നെ ബിജെപിക്ക് ഒരു നിയമനിര്‍മ്മാണം നടത്തിതീര്‍ക്കാവുന്ന പ്രശ്നം മാത്രമിയിരുന്നില്ലേ ഇത്?. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി യുഡിഎഫിന് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാമായിരുന്നു. അതിന് പകരം അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്തുമെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?.
വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കാമായിരുന്നെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.