കോഴിക്കോട്: രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 45കാരനായ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി പൂര്ണബോധത്തിലുള്ളപ്പോള് ചെയ്യേണ്ട ശസ്ത്രക്രിയയാണ് ഇതെന്ന് ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ പ്രഫ. ഡോ. രാജീവന് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്തരം നൂതന ശസ്ത്രക്രിയ.
തലച്ചോറില്‍ കൈയും കാലും നിയന്ത്രിക്കുന്ന ഭാഗത്തായിരുന്ന രോഗിക്ക് മുഴ. ശസ്ത്രക്രിയ ചെയ്യുന്ന സമയത്ത് രോഗിയുടെ കൈക്കും കാലിനും തളര്‍ച്ച ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് രോഗി ബോധത്തോടെയുണ്ടാവേണ്ടത് ആവശ്യമാണ്.
അതിനാല്‍ തലയോട്ടി തരിപ്പിക്കുകമാത്രം ചെയ്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. രോഗിയെ മയക്കാതെ ശസ്ത്രക്രിയ സമയത്തും നിരന്തരം സംവദിച്ച്, കൈകാലുകള്‍ ഇളക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഫെബ്രുവരി എട്ടിന് രാവിലെ എട്ടരയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നു മണിക്കൂര്‍ നീണ്ടു. ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് സാധാരണപോലെ എഴുന്നേറ്റുനില്ക്കാനും വെള്ളം കുടിക്കാനും മറ്റും സാധിക്കുമെന്നതാണ് ഉണര്‍ന്നിരിക്കെ നടത്തുന്ന ശസ്ത്രക്രിയയുടെ പ്രത്യേകത.
ശസ്ത്രക്രിയക്ക് അനുഭവസമ്പന്നരായ ഡോക്ടര്‍മാര്‍, അനസ്തീഷ്യ വിഭാഗം, നൂതനമായ മോണിറ്ററിങ് സംവിധാനങ്ങള്‍, പുതിയ മരുന്നുകള്‍ എന്നിവ ആവശ്യമാണ്. ശസ്ത്രക്രിയക്ക് രോഗി കൂടി പൂര്‍ണസജ്ജമാണ് എങ്കില്‍ മാത്രമേ വിജയിക്കുകയുള്ളൂവെന്ന് ഡോ. രാജീവന് പറഞ്ഞു.
ഡോ. രാജീവെന്റ നേതൃത്വത്തില്‍ ഡോ. വിജയന്, ഡോ. രാധാകൃഷ്ണന്, ഡോ. റസ്വി, ഡോ. വിനീത്, ഡോ. ഷാനവാസ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനു, ഡോ. ഷഫ്ന, ഡോ. ഹുസ്ന എന്നിവരും സഹകരിച്ചു.