ഡെറാഡൂൺ: ചമോലിയിൽ മഞ്ഞുമലയിടിഞ്ഞ് മിന്നൽ പ്രളയമുണ്ടായി 24 മണിക്കൂർ പിന്നിട്ടിട്ടും 203 പേരെ കാണാനില്ല. പ്രളയത്തിൽ 14 മൃതദേഹങ്ങളാണ് ഇതുവരെയായും കണ്ടെത്തിയത്. എന്നാൽ മരണ സംഖ്യ ഇനിയും ഏറെ ഉയരാനാണ് സാധ്യത. 35 ഓളം പേർ ഇപ്പോഴും ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ ടണലിൽ കുടുങ്ങി കിടക്കുന്നതായി മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് പറഞ്ഞു. ഇവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐടിബിപിയും ദുരന്തപ്രതികരണസേനയും സൈന്യവും അടക്കമുള്ളവർ.
പ്രളയ മേഖലയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. അണക്കെട്ടിലെ രണ്ടാമത്തെ ടണലിൽ തെരച്ചിൽ തുടരുകയാണ്. ഇടയ്ക്ക് ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു. ആറു ഗ്രാമങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ചു പോയി. കാണാതായവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നതായാണ് ഒടുവിൽ ലഭിച്ച വിവരം.
ഇന്നലെ രാവിലെയോടെയായിരുന്നു അപ്രതീക്ഷിതമായി ഉത്തരാഖണ്ഡിലെ ചമോലി ജില്ലിയിലെ റെനി ഗ്രാമത്തിലെ തപോവൻ അണക്കെട്ടിന് സമീപത്ത് മഞ്ഞുമലയിടിഞ്ഞ് മിന്നൽ പ്രളയമുണ്ടായത്. ഭൂമിശാസ്ത്ര പ്രത്യേകതകളാൽ പ്രളയജലം നിമിഷനേരം കൊണ്ട് കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. ഏഴ് വർഷത്തിനിടെ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തമാണ് ഉത്തരാഖണ്ഡിലുണ്ടായത്.
പ്രളയത്തിന് കാരണം സർക്കാറിൻ്റെ അശാസ്ത്രീയ പദ്ധതികളാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികളാണ് രംഗത്തെത്തിയത്. പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
പദ്ധതിക്കെതിരെ 2019 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശിച്ച വിദഗ്ധ സമിതിയുടെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികൾ ആരോപിച്ചു.