പരിസ്ഥിതിലോല പ്രദേശം നിർദേശിക്കുന്നത് സംസ്ഥാന സർക്കാർ; വയനാട് വിഷയത്തിൽ വിശദീകരണവുമായി മന്ത്രി പ്രകാശ് ജാവഡേക്കർ

ന്യൂഡെൽഹി: പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന നിർദേശങ്ങളനുസരിച്ചാണ് കരട് വിജ്ഞാപനം ഇറക്കുന്നതെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഏതെങ്കിലും വില്ലേജുകളെ തിരഞ്ഞെടുത്ത് പരിസ്ഥിതി ദുർബലമായി പ്രഖ്യാപിക്കുകയല്ല ചെയ്യുന്നതെന്ന് മന്ത്രി ജാവദേക്കർ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ നിർദേശിക്കുന്നതനുസരിച്ചാണ് കരട് തയ്യാറാക്കുന്നതെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുൻപ് അഭിപ്രായനിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം കെസി വേണുഗോപാൽ സഭയിൽ ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വന്യജീവിമേഖലകളിൽ കേരളത്തിൽ പലയിടത്തും വന്യമൃഗങ്ങൾ മനുഷ്യരെ ഉപദ്രവിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി ഗ്രാമവാസികളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങൾ സമീപകാലത്ത് കേരളത്തിലുണ്ടായെന്നും അദ്ദേഹം അറിയിച്ചു. ഇത് വളരെ പ്രധാനപ്പെട്ടതും ഗുരുതരവുമായ വിഷയമാണെന്ന് മന്ത്രി ജാവഡേക്കർ സമ്മതിച്ചു.

അതേസമയം ഇക്കാര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നും സഹാനുഭൂതിയുള്ള സമീപനംവേണം. വന്യമൃഗങ്ങളുടെ അക്രമത്തിൽ കഴിഞ്ഞവർഷം രാജ്യത്ത് 500 മനുഷ്യർ കൊല്ലപ്പെട്ടു. നൂറ് ആനകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം വയനാട്ടിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. സുൽത്താൻബത്തേരി ബസ് സ്റ്റാൻഡ് പോലും പരിസ്ഥിതി ദുർബലമേഖലയാക്കുകയാണ്.

ഇത്തരം വിജ്ഞാപനം ഇറക്കുംമുൻപ് പ്രദേശവാസികളുമായി കൂടിയാലോചനകൾ നടത്തി അഭിപ്രായം തേടണമായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് മന്ത്രിക്ക് കത്തുനൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.