എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമനത്തിന് പിന്നിൽ വൈസ് ചാൻസലറെന്ന് ആക്ഷേപം; വിസിയെ മാറ്റി നിർത്തി അന്വേഷിക്കാൻ ഗവർണർക്ക് പരാതി

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് മുൻ എംപി എം ബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഒന്നാം റാങ്ക് നൽകിയ തിരിമറിക്ക് പിന്നിൽ വൈസ് ചാൻസലറാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി. രാജേഷും വൈസ് ചാൻസലറും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിസിയെ മാറ്റി നിർത്തി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു.

ഡോ. ഉമ്മർതറയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വകുപ്പ് മേധാവിയെന്ന നിലയിൽ ഉദ്യോഗാർഥിക്ക് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും, വിസിക്ക് രഹസ്യമായി നൽകിയ വിയോജന കുറിപ്പും എങ്ങിനെ രാജേഷിനു ലഭിച്ചുവെന്ന് വെളിപ്പെടുത്തേണ്ട ബാധ്യത വിസിക്കുണ്ട്. ഇതിലൂടെ രാജേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകുന്നതിൽ വിസി യുടെ പങ്ക് വ്യക്തമായിക്കുകയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ്ശശികുമാർ പറഞ്ഞു.

റാങ്ക് പട്ടികയ്ക്ക് എതിരെ സെലക്ഷൻ കമ്മിറ്റിയിലെ വിദഗ്ധ അംഗങ്ങൾ വിസി ക്ക് നൽകിയ വിയോജനകുറിപ്പ് പുറത്തുവിട്ടിരുന്നു. വിദഗ്ധസമിതി അംഗങ്ങളെ സമൂഹ മാധ്യമത്തിൽ അധിക്ഷേ പിക്കുന്നതിന് അവർ നൽകിയ വിയോജനക്കുറിപ്പ് പുറത്തു നൽകിയതും വൈസ് ചാൻസലർ ആണെന്ന് കമ്മിറ്റി ആരോപിച്ചു.

വിദഗ്ധ അംഗങ്ങൾ നൽകിയ ഉയർന്ന റാങ്കിനെ കമ്മിറ്റിയിലെ അംഗങ്ങളായ യൂണിവേഴ്സിറ്റിയിൽ തന്നെയുള്ള മൂന്ന് അധ്യാപകരെ കൊണ്ട് കൂടുതൽ മാർക്ക്‌ നൽകി റാങ്ക് അട്ടിമറിക്കുകയായിരുന്നു. ഇങ്ങനെയാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകിയത്. ഈ പശ്ചാതലത്തിൽ വിസി യെ മാറ്റി നിർത്തി സർവകലാശാലയിൽ നടത്തിയ മുഴുവൻ അധ്യാപക നിയമന ങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജിർഖാനും ആവശ്യപ്പെട്ടു.