മുല്ലപ്പെരിയാര്‍; പാട്ടക്കരാര്‍ റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി

ന്യൂഡെൽഹി:കാലപ്പഴക്കവും ബലക്ഷയവുംമൂലം 50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുന്നതിന് കാരണമായിരിക്കുന്ന പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന “സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്” സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പ്രത്യേക അനുമതി ഹര്‍ജി (സ്പെഷല്‍ ലീവ് പെറ്റീഷന്‍) വരുംദിവസങ്ങളില്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതിയുടെ പരിഗണിനയ്ക്കു വരും.

അഡ്വ. വില്‍സ് മാത്യൂ മുഖേന, മുല്ലപ്പെരിയാര്‍ സമരസമതി സെക്രട്ടറിയും ”സുരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്” ഡയറക്ടറുമായ ഷാജി പി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.125 വര്‍ഷങ്ങള്‍ പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.15 ടിഎംസി വെള്ളം തടഞ്ഞുനിര്‍ത്തുന്ന ഈ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് വ്യക്തമാക്കി നിരവധി പഠനറിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

പഠനറിപ്പോര്‍ട്ടുകളിലെ വെളിപ്പെടുത്തലുകളൊന്നും വേണ്ടവിധം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയാതെപോയതിനാല്‍ ഡാമിലെ ജലനിരപ്പ് 152 അടി ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് തമിഴ്നാട് സർക്കാർ. തമിഴ്നാടിന്‍റെ ഈ നീക്കത്തിനെതിരേയാണ് പുതിയ ഹര്‍ജിയുമായി “സുരക്ഷ” സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സുരക്ഷ പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അഡ്വ.സോനു അഗസ്റ്റിൻ അറിയിച്ചു.

1886 -ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവും മദ്രാസ് പ്രസിഡന്‍സിയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ 999 വര്‍ഷത്തേക്കുള്ളതാണ്. കരാറിലെ വ്യവസ്ഥപ്രകാരം, കാലാവധി തീരും മുമ്പ് പാട്ടക്കാരൻ (തമിഴ്നാട്) ആവശ്യപ്പെടുന്നപക്ഷം വീണ്ടും അടുത്ത 999 വര്‍ഷത്തേക്കുകൂടി കരാർ പുതുക്കി നല്‍കാന്‍ ഭൂവുടമയക്ക് (കേരളത്തിന്) ബാധ്യതയുണ്ട്.

ലോകാവസാനത്തോളം നിലനില്‍ക്കുന്ന വിധത്തിലാണ് ഈ കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരാറില്‍ തന്നെയുള്ള ചില വ്യവസ്ഥകൾ
ഉപയോഗിച്ചാണ് പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ”സുരക്ഷ” സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.