Update
ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. ദൗലി ഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഋഷി ഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു.രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 75ഓളം പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.
ഋഷികേശിലും ഹരിദ്വാറിലും ജാഗ്രത നിർദേശവും നൽകി. പ്രദേശത്ത് മിന്നൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നദിയുടെ കരയിലെ നിരവധി വീടുകൾ നശിച്ചിട്ടുണ്ട്. ഇന്തോ- ടിബറ്റർ ബോർഡർ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ജോഷിമത്തിൽ നിന്നും 26 കിലോമീറ്റർ അകലെയാണ് ഗ്രാമം. മഴക്കാലങ്ങളിൽ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് ഒഴിയാൻ നിർദേശം നൽകി. ദുരന്തത്തെ നേരിടാൻ സർക്കാർ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ്. റാവത്ത് പറഞ്ഞു.