രാജ്യാന്തര ചലച്ചിത്രമേള; ഇക്കുറി ലോക സിനിമയിലെ 22 വിസ്മയക്കാഴ്ചകൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ ) യിൽ വൈവിധ്യമാർന്ന അഭ്രക്കാഴ്ചയൊരുക്കാൻ ലോകസിനിമാവിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത് 22 ചിത്രങ്ങൾ.ഉബെർട്ടോ പസോളിനി,ഹോംഗ് സാങ്‌സോ,ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ്‌ , മൈക്കൽ എംഗ്ലെർട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീർത്ത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് .

ഇറ്റാലിയൻ സംവിധായകനായ ഉബെർട്ടോ പസോളിനിയുടെ നോവെയർ സ്‌പെഷ്യൽ, അഹമ്മദ് ബറാമിയുടെ ദി വേസ്റ്റ്ലാൻഡ്, വി ഷൂജന്റെ സ്‌ട്രൈഡിംഗ് ഇൻടു ദി വിൻഡ്, അദിൽഖാൻ യേർസാനോവിന്റെ യെല്ലോ ക്യാറ്റ്,ഉലുച്ച് ബയരാക്റ്ററുടെ 9,75, നീഡിൽ പാർക്ക് ബേബി(പിയറി മോണാർഡ്), അൺ‌ഡൈൻ(ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ്),നെവർ ഗോണ സ്നോ എഗൈൻ, സാങ് ‌ഡാലെയുടെ ‘സ്റ്റാർസ് അവൈറ്റ് അസ്, എഡ്മണ്ട് യെയോയുടെ മാളു എന്നീ ചിത്രങ്ങളുടെ ഇന്ത്യയിലെ തന്നെ ആദ്യപ്രദർശനമാണ് മേളയിലേത്.

ദ വേസ്റ്റ്‌ലാൻഡ്, ഡിയർ കോമ്രേഡ്‌സ് , നൈറ്റ് ഓഫ് ദി കിംഗ്സ്, ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ , ഹോംഗ് സാങ്‌സോയുടെ ദി വുമൺ ഹൂ റാൻ,ആമോസ് ഗിതായിയുടെ ലൈല ഇൻ ഹൈഫ,ഫ്രാങ്കോയിസ് ഒ സോണിന്റെ സമ്മർ ഓഫ് 85,യെ ലൂ സംവിധാനം ചെയ്ത സാറ്റർഡേ ഫിക്ഷൻ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട് .

ജാപ്പനീസ് ചിത്രമായ വൈഫ് ഓഫ് എ സ്പൈ 77-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്‌കാരം നേടിയിട്ടുണ്ട് . കിയോഷി കുറോസാവയാണ് ചിത്രത്തിന്റെ സംവിധായകൻ .

അതേസമയം ചലച്ചിത്ര മേളയിലെത്തുന്നവർക്കുള്ള കൊറോണ ആന്റിജൻ ടെസ്റ്റ് തിങ്കളാഴ്ച മുതൽ ആരംഭിക്കും .മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് പരിശോധന നടക്കുന്നത് ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യവകുപ്പുമായി സഹകരിച്ചു ചലച്ചിത്ര അക്കാഡമി ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നത് .

ടെസ്റ്റ് ഫെബ്രുവരി 8,9,10 തീയതികളിൽ തുടരും. മേളയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും കൊറോണ ടെസ്റ്റ് നടത്തേണ്ട തീയതിയും വിശദാംശങ്ങളും അടങ്ങുന്ന സന്ദേശം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിൽ എസ് എം എസ് ആയി ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.