തലസ്ഥാനത്ത് വീണ്ടും ഭീതി; സെക്രട്ടേറിയേറ്റിൽ 50ലധികം പേർക്ക് കൊറോണ

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാരിൽ കൊറോണ വ്യാപനം രൂക്ഷം. അമ്പതിലധികം പേർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു താഴെ ദർബാർ ഹാളിൽ ക്യാന്റീൻ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാൻ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് പ്രധാന ആരോപണം.

കൊറോണ രോഗബാധ രൂക്ഷമായതിനെ തുടർന്ന് ഹൗസിംഗ് സഹകരണ സംഘം അടച്ചു. സെക്രട്ടറിയേറ്റിൽ കൊറോണ നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ധനവകുപ്പിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്‌മെന്റ് ഹാൾ ആണ് ആദ്യം അടച്ചത്.

ഇതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാർക്കും രോഗബാധ പടരുകയായിരുന്നു. ഇതോടെ സെക്രട്ടറിയേറ്റിൽ വരുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.