കേരളത്തിലും വായു നിലവാരം കുറഞ്ഞു ; കൊല്ലവും കണ്ണൂരും മലിനീകരണത്തിൽ മുന്നിൽ; ശാസ്ത്രീയ പഠനം

തിരുവനന്തപുരം: കേരളത്തിലെ വായു നിലവാരം കുറഞ്ഞെന്ന മുന്നറിയിപ്പുമായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പഠനം. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് ഉൾപ്പെടെ ആറു നഗരങ്ങളിലായിരുന്നു പഠനം. കടൽക്കാറ്റിന്റെയും വെയിലിന്റെയും സാന്നിധ്യത്തിൽ കേരളം ശുദ്ധവായുവിന്റെ നാടായാണ് അറിയപ്പെടുന്നതെങ്കിലും സ്ഥിതി സാവകാശം മാറുകയാണെന്നു സിഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരി പറഞ്ഞു.

ലോക്ഡൗൺ കാലത്ത് മലിനീകരണം കുറഞ്ഞുവെങ്കിലും ഈ ശൈത്യകാലത്ത് വർധിച്ചുവരുന്ന പ്രവണതയാണ് കണ്ടുവന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊല്ലവും കണ്ണൂരുമാണു പട്ടികയിൽ മുൻപിലെന്നു മലിനീകരണ നിയന്ത്രണ വിഭാഗത്തിന്റെയും കാലാവസ്ഥ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.

രണ്ടര മൈക്രോൺ മാത്രമുള്ള കണങ്ങളുടെ സാന്നിധ്യം വായുവിൽ വർധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. ഇതു ഹൃദയാരോഗ്യത്തെയും ശ്വാസകോശ ആരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ആസ്മ രോഗവും കലശലാകുമെന്നാണു മുന്നറിയിപ്പ്. കൊറോണ ലോക്ഡൗൺ കഴിഞ്ഞുള്ള സമയത്തു വർധിച്ചുവരുന്ന വാഹന ഉപയോഗവും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിക്കലും മറ്റുമാണു പ്രശ്നം സൃഷ്ടിക്കുന്നത്.

2020 ഡിസംബർ 27ന് അവസാനിച്ച വാരമായിരുന്നു കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വായുഗുണനിലവാരം ഏറ്റവും കുറവുള്ള ആഴ്ച. കഴിഞ്ഞ നവംബറിൽ ഒരു ദിവസം പടക്കം പൊട്ടിക്കലിന്റെ ഫലമായി ഒരു ഘനയടി വായുവിലെ 2.5 മൈക്രോൺ പൊടിയുടെ അളവ് ചില മണിക്കൂറുകളിൽ 386 മൈക്രോഗ്രാമായി ഉയർന്നു. ഇത് 60 മൈക്രോഗ്രാമെന്ന ദേശീയ ശരാശരിയുടെ 114 മടങ്ങ് അധികമാണ്. കോഴിക്കോട്ടും കണ്ണൂരും ഈ പ്രവണത കണ്ടെത്തി.