എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമന വിവാദം ; ‘സബ്ജെക്ട് എക്സ്പെർട്ട്’ പണി നിർത്തിയെന്ന് സെലക്ഷൻ കമ്മിറ്റി അംഗം

തിരുവനന്തപുരം : മുൻ എംപി എംബി രാജേഷിന്റെ ഭാര്യയ്ക്ക് ഉയർന്ന യോഗ്യതയുള്ളവരെ മറികടന്ന് സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയതിൽ വിവാദം കൊഴുക്കുന്നതിനിടെ സബ്‌ജക്ട് എക്സ്പെർട്ട് പണിക്ക് ഇനിയില്ലെന്ന് തുറന്നടിച്ച് സെലക്ഷൻ കമ്മിറ്റി അംഗം പ്രൊഫ. ഉമർ തറമേൽ. വിമർശനവും വിയോജിപ്പും സർവകലാശാലയെഅറിയിച്ചുവെന്നും ഇനിയും ഇപ്പണിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാദ്യമാണെന്ന് സെലക്ഷൻ കമ്മിറ്റിയിൽ സബ്ജക്ട് എക്സ്പർട്ട് ആയി പങ്കെടുത്ത ഉമർ തറമേൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

അർഹരായ നിരവധിപേരെ മറികടന്നാണ് സിപിഎം നേതാവിന്റെ ഭാര്യയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിച്ചത്. ഗവൺമെന്റ് സ്കൂൾ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്കൃത സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് സബ്ജക്ട് എക്സ്പർട്ടിൻ്റെ രൂക്ഷ വിമർശനം.

പ്രൊഫ. ഉമർ തറമേലിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ;

‘സബ്ജെക്ട് എക്സ്പെർട്ട്’ പണി നിർത്തി

ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്. കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തൽ വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ.

സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.

അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാ ദ്യമാണുണ്ടായത്.

ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അ ധികൃതരെ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

എന്ന് വിനീതവിധേയൻ.