പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; പ്രിയങ്ക സുരക്ഷിത

ന്യൂഡെൽഹി: കർഷക സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ രാംപുരിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഹാപുരിൽ വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങൾ കൂട്ടിയിട്ടാണ് അപകടമുണ്ടായത്. പ്രിയങ്ക സുരക്ഷിതയാണ്. പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവർ പെട്ടെന്ന് കാർ നിർത്തിയതിനാൽ പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

നാല് വാഹനങ്ങളാണ് പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകിൽ ഉണ്ടായിരുന്നത്. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലിൽ അഴുക്ക് നിറഞ്ഞതിനാൽ കൃത്യമായ കാഴ്ച ഡ്രൈവർക്കില്ലായിരുന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാൻ ഡ്രൈവർ കാർ പെട്ടന്ന് നിർത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് പ്രിയങ്ക ഡെൽഹിയിൽ നിന്നും പുറപ്പെട്ടത്. രാവിലെ പതിനൊന്ന് മണിയോടെ രാംപുരിൽ മരിച്ച കർഷകൻ നവരീത് സിങ്ങിന്റെ വസതി സന്ദർശിക്കാനായിരുന്നു പരിപാടി.