ന്യൂഡെൽഹി: പാലാ സീറ്റ് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുനൽകാൻ എൻസിപി സംസ്ഥാന നേതൃത്വം സമ്മതിച്ചതായി സൂചന. എൻസിപി ദേശീയ നേതൃത്വവും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടത്തിയ ചർച്ചയിലാണ് അനുനയമുണ്ടായതെന്നാണ് വിവരം. ഇക്കാര്യം മാണി സി കാപ്പനെ സമ്മതിപ്പിക്കാനാകുമെന്ന്
നേതാക്കൾ പറയുന്നു.
പാലാ സീറ്റിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് നേരത്തേ പറഞ്ഞിരുന്ന സംസ്ഥാനഅധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ ചർച്ചയ്ക്ക് ശേഷം ഇടതുമുന്നണി വിടില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ എന്ത് ഫോർമുലയാണ് മാണി സി കാപ്പന് മുന്നിൽ നേതൃത്വം വച്ചതെന്ന വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.
പാലായ്ക്ക് പകരം കാപ്പന് കുട്ടനാട് സീറ്റോ രാജ്യസഭാ സീറ്റോ നൽകുമെന്നാണ് ധാരണയെന്നറിയുന്നു. എന്നാൽ സമവായത്തെക്കുറിച്ച് കാപ്പൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാലാ വിട്ടുനൽകില്ലെന്നായിരുന്നു കാപ്പന്റെ മുൻ നിലപാട്.
കാപ്പൻ തൻ്റെ നിലപാട് ശരത് പവാറിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലാ സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്ന എകെശശീന്ദ്രൻ പക്ഷം പുതിയ സാഹചര്യങ്ങളോട് പ്രതികരിച്ചിട്ടില്ല. പാലായ്ക്ക് പകരം കാപ്പന് കുട്ടനാട് നൽകാമെന്ന ഫോർമുല സംസ്ഥാന എൻസിപി നേതൃത്വത്തിൽ ഉയർന്നുവന്നെങ്കിലും വിജയിച്ചിരുന്നില്ല.