ചണ്ഡിഗഢ്: ഭർത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയുടെ വിധി. ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ബൽജീത്ത് കൗർ എന്ന സ്ത്രീയുടെ പരാതിയിലാണ് കോടതിയുടെ ഈ വിചിത്ര ഉത്തരവ്. 2008ലാണ് ബൽജീത്ത് കൗറിന്റെ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ ഭർത്താവ് മരിക്കുന്നത്.
2009ൽ ഈ മരണം ഒരു കൊലപാതകം ആയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയും കേസിൽ ഭാര്യ അറസ്റ്റിലാവുകയും ചെയ്തു. 2011മുതൽ ഈ കേസിൽ ഇവർ ശിക്ഷ അനുഭവിക്കുകയാണ്. ഇതോടെ ഇവർക്ക് ഭർത്താവിന്റെ കുടുംബപെൻഷൻ നൽകുന്നത് സർക്കാർ നിർത്തി. ഇതിനെതിരെയാണ് ഭാര്യ കോടതിയിൽ എത്തിയത്.
പൊന്മുട്ടയിടുന്ന താറാവിനെ ആരും കശാപ്പ് ചെയ്യാറില്ലെന്നും ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയാലും കുടുംബ പെൻഷൻ നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ജീവനക്കാരൻ മരിച്ചാൽ അവരുടെ കുടുംബത്തിന് ഒരു സഹായമായിട്ടാണ് കുടുംബ പെൻഷൻ സർക്കാർ അനുവദിക്കുന്നതെന്നും ഭാര്യ ക്രിമിനൽ കേസിൽ ഉൾപ്പെട്ടാലും കുടുംബ പെൻഷൻ നൽകണമെന്നും കോടതി ഉത്തരവിട്ടു.
രണ്ട് മാസത്തിനകം മുഴുവൻ തുകയും നൽകണമെന്ന് കോടതി വ്യക്തമാക്കി. പുനർവിവാഹം കഴിയുന്നതുവരെ ഭർത്താവിന്റെ പെൻഷന് യുവതി അർഹയാണെന്നും കോടതി ചൂണ്ടിക്കാട്ടി.