കൊറോണ വാക്​സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ്​ മരിച്ചു

വഡോദര: ഗുജറാത്തിൽ കൊറോണ വാക്​സിൻ സ്വീകരിച്ച്​ രണ്ടു മണിക്കൂറിന്​ ശേഷം ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ്​ മരിച്ചു. 30 കാരൻ ജിഗ്​നേഷ്​ സോളങ്കിയാണ്​ മരിച്ചത്​.2016 മുതൽ ഇയാൾ ഹൃദ്രോഗിയായിരുന്നുവെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.

ഞായറാഴ്ച വാക്​സിൻ സ്വീകരിച്ച​ ശേഷമാണ്​ വഡോദര മുനിസിപ്പൽ കോർ​പറേഷനിലെ ജീവനക്കാരനായ ജിഗ്​നേഷ്​ കുഴഞ്ഞുവീണത്​. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാക്​സിൻ സ്വീകരിച്ചതിനെ തുടർന്നാണ്​ ജിഗ്​നേഷ്​ മരിച്ചതെന്ന്​ കുടുംബം പറഞ്ഞു.

ഭർത്താവ്​ വാക്​സിൻ സ്വീകരിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും മകളുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഭാര്യ ദിവ്യ പറഞ്ഞു. അതേസമയം ഹൃദയാഘാ​തത്തെ തുടർന്നാണ്​ മരിച്ചതെന്നും 2016 മുതൽ ഇദ്ദേഹം ഹൃദ്രോഗിയാണെന്നും ആരോഗ്യ വിദഗ്​ധർ അറിയിച്ചു.

അദ്ദേഹത്തിന്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം പാർശ്വഫലങ്ങളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. വാക്​സിൻ സ്വീകരിക്കുന്നതിന്​ മുമ്പ്​ ഹൃദ്രോഗിയാണെന്ന വിവരം ജിഗ്​നേഷ്​ വെളിപ്പെടുത്തിയിരുന്നില്ല.പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.