പിറവത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം; വൻ നാശനഷ്ടം

പിറവം: പിറവത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. മൂന്ന് നിലകളിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. മാര്‍ക്കറ്റിന് സമീപത്തുള്ള കാര്‍ത്തിക സൂപ്പര്‍ മര്‍ക്കറ്റിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ തീപിടുത്തം ഉണ്ടായത്. ഈ സമയത്ത് കടയില്‍ ഉണ്ടായിരുന്ന ആളുകളും ജീവനക്കാരും പുറത്തേക്ക് ഓടി മാറിയതിനാല്‍ ആളപായം ഉണ്ടായില്ല.

പിറവം അഗ്‌നിശമന സേനയുടെ മൂന്ന് വാഹനങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് മുളന്തുരുത്തി കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിശമാനസേനയെത്തിയെങ്കിലും ഫലം കണ്ടില്ല. നാട്ടുകാരും തീകെടുത്തുന്നതിനായി രംഗത്തുണ്ടായിരുന്നു. പാചക എണ്ണ ഉള്‍പ്പടെയുള്ളവയുടെ വന്‍ ശേഖരം തീ ആളി പടരുന്നതിന് കാരണമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഗ്‌നിശമന സേനയുടെ മുപ്പതോളം യൂണിറ്റുകള്‍ എത്തിയാണ് രാത്രി എട്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.പിന്നീട് കടവന്ത്ര ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ നിന്നെത്തിയ ആധുനിക സംവിധാനങ്ങള്‍ ഉള്ള വാട്ടര്‍ ബ്രൗസര്‍ ആണ് തീ പൂര്‍ണ്ണമായും കെടുത്തിയത്. അപ്പോഴേക്കും മൂന്ന് നിലകളിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കടയുടെ ഒരു ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. വൈദ്യുതി ഷൊര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതെ തടയാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്.